ന്യൂഡൽഹി: കൊവിഡാനന്തര കാലഘട്ടത്തിൽ കാരവൻ ടൂറിസം ഉൾപ്പെടെയുള്ള നൂതന ആശയങ്ങളുമായി ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ വർഷം മുഴുവനും വരവേൽക്കാൻ കേരള ടൂറിസം. ഹൗസ്ബോട്ട് യാത്ര, കാരവൻ സ്റ്റേ, വനങ്ങളിലെ താമസം, പ്ലാന്റേഷൻ സന്ദർശനം, ഹോംസ്റ്റേ, ജീവിതാസ്വാദനം, ആയുർവേദ ചികിത്സ, ഗ്രാമീണ യാത്രകൾ, ട്രെക്കിംഗ് ഉൾപ്പെടെ വേറിട്ട അനുഭവങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ കേരളം ഉണർവിന്റെ പാതയിലാണ്. ശ്രദ്ധിക്കപ്പെടാത്തതും അനന്തസാദ്ധ്യതയുള്ളതുമായ കേന്ദ്രങ്ങളെ കണ്ടെത്തുന്ന പദ്ധതിയും ബീച്ച്, മലനിരകൾ, ഹൗസ്ബോട്ട്, കായൽ തുടങ്ങിയ വിഭവങ്ങളും വിനോദസഞ്ചാരികളുടെ സന്ദർശനങ്ങളെ സമ്പന്നമാക്കും. ടൂറിസം ട്രേഡുമായി സഹകരിച്ച് ട്രാവൽ ട്രേഡ് നെറ്റ്വർക്കിംഗ് പ്രവർത്തനങ്ങളിലും ട്രേഡ് ഫെയറുകളിലും കേരളം പങ്കെടുക്കും. ബി2ബി പാർട്ണർഷിപ്പ് മീറ്റ്, റോഡ്ഷോകൾ ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കും.
ടൂറിസം വകുപ്പ് അവതരിപ്പിച്ച 'കാരവൻ കേരള" പദ്ധതി ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണം നേടി. മേയിൽ കേരള ട്രാവൽ മാർട്ട്, ആഗസ്റ്റ്-നവംബറിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബിഎൽ), ഡിസംബർ-മാർച്ചിൽ കൊച്ചി ബിനാലെ എന്നിങ്ങനെ സാംസ്കാരിക, സാഹിത്യമേളകളും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളും നടക്കുമെന്ന് കൃഷ്ണതേജ പറഞ്ഞു. നവദമ്പതികളായ ആഭ്യന്തര-വിദേശ സന്ദർശകരെ ആകർഷിക്കാൻ പ്രണയഗാനങ്ങൾ അടങ്ങുന്ന വീഡിയോയും കേരളടൂറിസം പുറത്തിറക്കി.
Source Livenewage