ന്യൂഡൽഹി: ക്രൂഡ് വില റിക്കാർഡുകൾ ഭേദിച്ച സാഹചര്യത്തിൽ ഈയാഴ്ച മുതൽ രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുപി തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് രാജ്യത്ത് നാലു മാസത്തിലേറെയായി ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. മാർച്ച് ഏഴിനു ശേഷം ഇന്ധനവിലയിൽ ഘട്ടം ഘട്ടമായി വർധന കൊണ്ടുവരാൻ എണ്ണ വിതരണ കമ്പനികൾക്ക് അനുമതി നല്കുമെന്നാണു വിവരം.

അതേസമയം, വിലക്കയറ്റം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കുറച്ച് വില വർധനയുടെ ഭാരം ലഘൂകരിക്കാനും ആലോചനയുണ്ട്. ഇതേ ആവശ്യം പാർലമെന്‍റ് സമ്മേളനം ഈ മാസം 14 ന് ചേരുമ്പോൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കുകയാണ്.

എന്നാൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ നികുതിയിളവുണ്ടാകില്ലെന്നാണു സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 മുതൽ 12 രൂപ വരെ വർധിപ്പിക്കണമെന്നാണ് എണ്ണ വിതരണക്കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Source Livenewage