കൊച്ചി: പരസ്പരം തമ്മിലടിക്കുന്ന റഷ്യയും യുക്രൈനും തങ്ങളുടെ പണമിടപാടുകള്‍ക്കായി ക്രിപ്‌റ്റോ കറന്‍സികളെ ആശ്രയിക്കുന്ന അവസ്ഥ സംജാതമായിരിക്കയാണ്. എന്നാല്‍ ഈ അവസരത്തില്‍ നിക്ഷേപകരുടെ തലതൊട്ടപ്പന്‍ വാരന്‍ ബഫറ്റിന്റെ ക്രിപ്‌റ്റോയെക്കുറിച്ചുള്ള കമന്റാണ് ചര്‍ച്ചയാകുന്നത്.  ക്രിപ്‌റ്റോ കറന്‍സിയെ അദ്ദേഹം വിശേഷിപ്പിച്ചത് '' എലിവിഷത്തേക്കാള്‍ മാരകം'' എന്നാണ്. വാരന്‍ ബഫറ്റിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ കമ്പനി ബേക്ക്ഷാ ഹാത്ത് വേയുടെ വൈസ് ചെയര്‍മാനുമായ ചാര്‍ലി മുന്‍ഗറിന്റെ അഭിപ്രായത്തില്‍ തട്ടിപ്പുകാരും പിടിച്ചുപറിക്കാരുമാണ് ക്രിപ്‌റ്റോ കറന്‍സിയുടെ ഉപയോക്താക്കള്‍.

എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ റഷ്യ ക്രിപ്‌റ്റോ കറന്‍സികളെ ഉപയോഗപ്പെടുത്തുന്നു. ഹാക്ക് ചെയ്യാത്ത രഹസ്യകോഡുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ന്‍ വഴിയുള്ള പണമിടപാടുകളെ തടയിടാന്‍ പാശ്ചാത്യ ശക്തികള്‍ക്ക് സാധിക്കില്ല എന്നാണ് റഷ്യ കരുതുന്നത്.

അധിനിവേശത്തിന് ഇരയാകുന്ന യുക്രൈനാകട്ടെ റഷ്യന്‍ ആക്രമത്തിന് ഒരാഴ്ച മുന്‍പ് തന്നെ ക്രിപ്‌റ്റോ കറന്‍സികളെ നിയമാനുസൃതമാക്കിയിരുന്നു.

യുക്രൈന്റെ ഉപ പ്രധാനമന്ത്രിയും ഡിജിറ്റല്‍ സാങ്കേതികവിദ്യ മന്ത്രിയുമായ മൈഖാലോ ഫെഡറോവ് അന്ന് പറഞ്ഞത് രാജ്യത്തിന്റെ വാണിജ്യതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് ക്രിപ്‌റ്റോയെ നിയമാനുസൃതമാക്കുന്നത് എന്നായിരുന്നു.  റഷ്യ യുദ്ധസന്നാഹം നടത്തിക്കൊണ്ടിരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവച്ചു.

പിന്നീട് യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിട്ടശേഷം രാജ്യാന്തരസമൂഹത്തില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ട് യുക്രൈന്‍ സര്‍ക്കാര്‍  ട്വീറ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ വെളിപെട്ടത്. യുദ്ധം സംഭവിക്കുന്ന പക്ഷം പണമിടപാടുകള്‍ നടത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു യുക്രൈന്‍ ക്രിപ്‌റ്റോകള്‍ക്ക് നിയമസാധുത നല്‍കിയത്.

തങ്ങളുടെ ജനതയ്‌ക്കൊപ്പം അടിയുറച്ചുനില്‍ക്കാന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെടുന്ന പിന്‍ചെയ്ത ട്വീറ്റില്‍ ക്രിപ്‌റ്റോകറന്‍സി വഴി തങ്ങള്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യവും യുക്രൈന്‍ സൂചിപ്പിച്ചിരുന്നു. ബിറ്റ് കോയിന്‍,എതിരിയം,യുഎസ്ഡിടി എന്നിവ വഴി പണം സ്വീകരിക്കപ്പെടും എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

യുക്രൈന്‍ സര്‍ക്കാറും സൈന്യത്തിന് സഹായം നല്‍കുന്ന എന്‍ജിഒയും   24 മില്ല്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ഇതുവരെ ക്രിപ്‌റ്റോ കറന്‍സികള്‍ വഴി സ്വരൂപിച്ചിരിക്കുന്നു  എന്ന കാര്യം ബ്ലോക്ക്‌ചെയ്ന്‍ വിദഗ്ദ്ധരായ എലിപ്റ്റിക് ഇപ്പോള്‍ പുറത്തുവിടുന്നു.

പണം കൈപറ്റുന്നതിനുള്ള ഏറ്റവും മികച്ച ഉപാദിയായി ഇതോടെ ക്രിപ്‌റ്റോ കറന്‍സികള്‍ വാഴ്ത്തപ്പെടുകയാണ്. ഇടനിലക്കാരില്ലാതെ വളരെ പെട്ടെന്ന് പണം കൈപറ്റാമെന്ന സവിശേഷതയാണ് ക്രിപ്‌റ്റോ കറന്‍സികളെ ആകര്‍ഷണീയമാക്കുന്നത്. ബാങ്കുപോലുള്ള ഇടനിലക്കാരില്ലാത്തതിനാല്‍ ഇടപാടുകള്‍ തടസ്സപ്പെടില്ല എന്ന ഗുണവുമുണ്ട്.

ഈ സാഹചര്യത്തില്‍ ചാര്‍ലി മുന്‍ഗറിന്റെ അഭിപ്രായവും ചര്‍ച്ചയാവുകയാണ്. ആരാണിവിടെ തട്ടിപ്പുകാര്‍? റഷ്യയോ അതോ യുക്രൈനോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

Source :Livenewage