ആലപ്പുഴ: കോവിഡിനു ശേഷം കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. വിദേശ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടായിരുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെക്കാലം അടച്ചിടേണ്ടി വന്നതും സഞ്ചാരികളുടെ എണ്ണത്തെ സാരമായി ബാധിച്ചു. 2020 നെ അപേക്ഷിച്ച് ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. അതേസമയം, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 91.22% വരെ ഇടിഞ്ഞു. 2021 സെപ്റ്റംബർ വരെയുള്ള കണക്കാണ് ടൂറിസം വകുപ്പ് ശേഖരിച്ചത്.
ആഭ്യന്തര വിനോദ സഞ്ചാരികൾ
കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള 9 മാസത്തിനിടയിൽ കേരളത്തിലെത്തിയത് 45.20 ലക്ഷം വിനോദ സഞ്ചാരികളാണെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. 2020 ൽ സെപ്റ്റംബർ വരെയുള്ള സഞ്ചാരികളുടെ എണ്ണത്തെക്കാൾ 13.93 ശതമാനം വളർച്ചയുണ്ടായി. 2020 ൽ 39.67 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അതേസമയം, കോവിഡിന്റെ ബുദ്ധിമുട്ടുകളില്ലാതിരുന്ന 2019 ൽ സെപ്റ്റംബർ വരെ കേരളത്തിലെത്തിയതിന്റെ മൂന്നിലൊന്നു സഞ്ചാരികൾ മാത്രമാണ് 2021 ൽ ഇവിടെയെത്തിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ൽ 1.32 കോടി ആഭ്യന്ത വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അതുമായി താരതമ്യപ്പെടുത്തിയാൽ സഞ്ചാരികളുടെ എണ്ണത്തിൽ 2021 ൽ 65.71% ഇടിവുണ്ടായി.
ഇന്ത്യക്കാർക്കിഷ്ടം ഇടുക്കി
ആഭ്യന്തര സഞ്ചാരികളെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആകർഷിച്ചത് എറണാകുളം ജില്ലയാണ്. 9.60 ലക്ഷം പേർ ഇവിടെയെത്തി. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം – 7.65 ലക്ഷം പേരാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന ഈ രണ്ടു വലിയ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തിയത് ഇടുക്കിയിലാണ്. കോവിഡ് കാലത്തെ പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം തേടി ഹൈറേഞ്ചുകളിലേക്ക് സഞ്ചാരികൾ കൂടുതലായെത്തി. 5.31 ലക്ഷം ആഭ്യന്തര സഞ്ചാരികൾ ഇടുക്കിയിലെത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൊട്ടുപിന്നിൽ വയനാടാണ്– 4.28 ലക്ഷം പേർ ചുരംകയറി വയനാട്ടിലെത്തി.
വിദേശ സഞ്ചാരികൾ
വിമാന സർവീസുകള്‍ക്കു നിയന്ത്രണമുണ്ടായിരുന്നതിനാൽ കേരളത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. 2020, 2019 വർഷങ്ങളെ അപേഷിച്ച് 80– 99 ശതമാനം വരെ ഇടിവുണ്ടായെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന എറണാകുളത്ത് 24,024 വിദേശ സഞ്ചാരികളും തിരുവനന്തപുരത്ത് 2791 വിദേശ സഞ്ചാരികളുമാണ് 2021 സെപ്റ്റംബർ വരെ എത്തിയത്. കോഴിക്കോട്ട് 1482 പേർ എത്തി. മറ്റൊരു ജില്ലയിലും ആയിരം വിദേശ സഞ്ചാരികൾ എത്തിയിട്ടില്ല. കാസർകോട്ട് 3 പേരും പാലക്കാട്ട് നാലു പേരും പത്തനംതിട്ടയിൽ 17 പേരും മാത്രമാണ് എത്തിയത്. പ്രധാന നഗരങ്ങള്‍ കഴിഞ്ഞാൽ 377 വിദേശ സഞ്ചാരികളെത്തിയ ആലപ്പുഴയാണ് മുന്നിൽ.
Source : Newliveage