ന്യൂഡൽഹി: റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും തുറമുഖങ്ങൾ സുരക്ഷിതമല്ലെന്നു വന്നതോടെ ഇന്ത്യയിൽനിന്ന് അവിടേക്കുള്ള തേയില, കാപ്പി കയറ്റുമതി പാടേ സ്തംഭിച്ചിരിക്കുന്നു. യുക്രെയ്നിലെ ഒഡേസ തുറമുഖത്തേക്കും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ഉൾപ്പെടെയുള്ള തുറമുഖങ്ങളിലേക്കും ചരക്കു ബുക്കു ചെയ്യുന്നതു ഷിപ്പിങ് കമ്പനികൾ നിർത്തിവച്ചിരിക്കുകയാണ്. യുക്രെയ്ൻകാർക്കു ചായയോടാണു കൂടുതൽ താൽപര്യം. എന്നാൽ ആ മേഖലയിൽ ഏറ്റവും കൂടുതൽ കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യവും യുക്രെയ്ൻ തന്നെ. ഇക്കഴിഞ്ഞ ഏപ്രിലിനും ജനുവരിക്കും ഇടയിൽ 6604 മെട്രിക് ടൺ കാപ്പി ഇന്ത്യ യുക്രെയ്നിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു പങ്കു കേരളത്തിൽ ഉൽപാദിപ്പിച്ചതാണ്. റഷ്യയിലേക്ക് ഈ കാലയളവിൽ 23,519 മെട്രിക് ടൺ കാപ്പി ഇന്ത്യയിൽനിന്നു കയറ്റുമതിചെയ്തിരുന്നു. 

തേയിലയുടെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ലക്ഷ്യങ്ങളിലൊന്നാണു റഷ്യ. ഇന്ത്യയിൽനിന്നു തേയില വാങ്ങുന്നതിൽ രണ്ടാം സ്ഥാനമുള്ള രാജ്യം. അതു സുസ്ഥിര വിപണിയാണ്; ദീർഘകാലമായി ഇന്ത്യൻ തേയിലയ്ക്കു വലിയ സ്വീകാര്യതയുള്ള വിപണിയും. അതുകൊണ്ടുതന്നെ റഷ്യൻ തുറമുഖങ്ങളിലേക്കു ചരക്കെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യയ്ക്കു വലിയ തോതിലുള്ള അവസര നഷ്ടമാണുണ്ടാക്കുക. കടന്നുപോയ വർഷത്തിന്റെ ആദ്യ 11 മാസത്തെ തേയില കയറ്റുമതി കണക്കുകൾ മാത്രമാണു ലഭ്യമായിട്ടുള്ളത്. അതനുസരിച്ചു റഷ്യയിലേക്ക് 308.9 ലക്ഷം കിലോ ഗ്രാം തേയില ഇന്ത്യയിൽനിന്നു കയറ്റിയയച്ചിട്ടുണ്ട്. 558 കോടി രൂപയുടെ ചരക്ക്. യുക്രെയ്നിലേക്ക് ഈ കാലയളവിൽ 30 കോടി രൂപയ്ക്കു 16 ലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്തു.

Source :  livenewage