ന്യൂഡൽഹി: സംഘർഷഭരിതമായ കരിങ്കടല്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഏകദേശം 380,000 ടണ്‍ സൂര്യകാന്തി എണ്ണ കയറ്റുമതി തുറമുഖങ്ങളിലും ഉല്‍പ്പാദകരുടെ പക്കലും കുടുങ്ങിക്കിടക്കുന്നു. റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശത്തെത്തുടര്‍ന്ന് തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിന് ശേഷം പുതിയ വാങ്ങലുകള്‍ സ്തംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ ഷിപ്പ്മെന്റുകള്‍ക്കായി ഉക്രെയ്നില്‍ നിന്നും റഷ്യയില്‍ നിന്നും 570 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകള്‍ ലോഡുചെയ്യുമ്പോള്‍ സ്ഥിതിഗതികള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൂര്യകാന്തി എണ്ണയ്ക്ക് പകരം സോയ എണ്ണയും പാം ഓയിലും ആകും ലഭ്യമാവുക. 

ലോക സൂര്യകാന്തി എണ്ണ ഉല്‍പാദനത്തിന്റെ 60 ശതമാനവും കയറ്റുമതിയുടെ 76 ശതമാനവും കരിങ്കടല്‍ മേഖലയാണ്. കൂടാതെ ആഗോള ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇതര എണ്ണകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം മലേഷ്യന്‍ പാം ഓയിലിനെയും യുഎസ് സോയ എണ്ണയെയും കൂടുതല്‍ പിന്തുണയ്ക്കും. അവ ഇതിനകം തന്നെ റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം നടത്തുകയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കയറ്റുമതി ചെയ്യുന്നതിനായി കരിങ്കടല്‍ മേഖലയില്‍ നിന്ന് ഏകദേശം 510,000 ടണ്‍ സൂര്യകാന്തി എണ്ണ ഇന്ത്യക്ക് കരാര്‍ ഉണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ ഇതുവരെ 130,000 ടണ്‍ മാത്രമാണ് ലോഡ് ചെയ്തതെന്ന് ഡീലര്‍മാര്‍ പറഞ്ഞു. ബാക്കിയുള്ള അളവിന് എന്ത് സംഭവിക്കുമെന്നോ എപ്പോള്‍ കയറ്റുമതി ചെയുമെന്നോ പറയാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ പാമോയില്‍ വാങ്ങുന്നുണ്ടെങ്കിലും പ്രധാനമായും അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ എണ്ണയും റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നും സൂര്യകാന്തി എണ്ണയുമാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോഡിംഗ് പുനരാരംഭിച്ചില്ലെങ്കില്‍ കയറ്റുമതി കാലതാമസം ഇന്ത്യയില്‍ സൂര്യകാന്തി എണ്ണ ക്ഷാമം സൃഷ്ടിക്കുമെന്ന് സസ്യ എണ്ണ ബ്രോക്കറേജും കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായ സണ്‍വിന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സന്ദീപ് ബജോറിയ പറഞ്ഞു.

Source Livenewage