ലണ്ടൻ: റഷ്യ യുക്രൈനുമേൽ അക്രമണം ആരംഭിച്ചതോടെ രാജ്യാന്തര ക്രൂഡ് വില കുതിച്ചു. ബ്രെന്‍റ് ഇനം ക്രൂഡ് വില 8.5 ശതമാനമുയർന്ന് ബാരലിന് 105 .08 ഡോളർ ആയി. 2014 ഏപ്രിലിനു ശേഷം ആദ്യമായാണ് ക്രൂഡ് വില 105 ഡോളർ കടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് ക്രൂഡ് വില 8.5 ശതമാനമുയർന്ന് 99.88 ഡോളറായി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉത്പാദകരാജ്യവും ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതി രാജ്യവുമായ റഷ്യയുടെ സൈനിക നടപടികൾ എണ്ണ വിതരണത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ക്രൂഡ് വില ഉയർത്തിയത്. കോവിഡ് അനന്തരമുണ്ടായ ആവശ്യകതയിലെ വർധനയ്ക്ക് അനുസൃതമായി എണ്ണ ഉത്പാദനം കൂട്ടാത്തത് നേരത്തേതന്നെ പ്രതിസന്ധിയായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ യുദ്ധത്തിന്‍റെ വരവും. എണ്ണ ഉത്പാദകരിൽനിന്ന് കൂടുതൽ എണ്ണ വരവ് ഉണ്ടാകാത്തപക്ഷം വില 100 ഡോളറിന് മേൽ തുടരുമെന്നാണ് വിലയിരുത്തൽ. ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച് അവിടെനിന്ന് എണ്ണ വിപണിയിലിറക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. 

അതേസമയം എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് എണ്ണവിലയിലെ കുതിപ്പ് വലിയ പ്രതിസന്ധിയാകും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപയോക്താക്കളായ ഇന്ത്യ നിലവിലെ സാഹചര്യം അതീവ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ധനവിലവർധന പ്രതിസന്ധി കൂടുതൽ വഷളാക്കും. ഇതിനിടെ ക്രൂഡ് വില സംബന്ധിച്ച പ്രശ്നങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. എക്സൈസ് ഡ്യൂട്ടി കുറച്ച് വില വർധന നേരിടുന്നതടക്കമുള്ള പ്രതിവിധികൾ സർക്കാർ ആലോചിക്കുന്നുണ്ട്. രാജ്യത്തെ എണ്ണകരുതൽ ശേഖരത്തിലേക്ക് കൂടുതൽ എണ്ണ എത്തിക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചതായാണ് വിവരം.

Source Live newsage