ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയ്ക്കു കരുത്തേകാൻ ഇ–വീസ അനുവദിക്കാനുള്ള നടപടി ലഘൂകരിക്കണമെന്നും  ഇതിനു വേണ്ടി  മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കണമെന്നും പുതിയ ദേശീയ വിനോദസഞ്ചാര നയത്തിൽ ശുപാർശ. 2030നുള്ളിൽ ഇന്ത്യയെ ലോകവിനോദസഞ്ചാര ഭൂപടത്തിൽ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു നയം തയാറാക്കുന്നത്.

നയത്തിന്റെ കരടിൽ കേന്ദ്രസർക്കാർ പൊതുജനങ്ങളിൽ നിന്നും മറ്റും നിർദേശം തേടി. നാഷനൽ  ഗ്രീൻ ടൂറിസം മിഷൻ, നാഷനൽ ഡിജിറ്റൽ ടൂറിസം മിഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സെക്ടർ സ്കിൽ മിഷൻ, നാഷനൽ മിഷൻ ഓൺ ഡിഎംഒ, നാഷനൽ മിഷൻ ഓൺ എംഎസ്എംഇ എന്നിങ്ങനെ 5 ദേശീയ കർമപദ്ധതികൾ ആവിഷ്കരിക്കുകയാണു  നയത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്.

∙ ജല ഉപയോഗം, മാലിന്യ അളവ് എന്നിവ കുറയ്ക്കുക, ഊർജ ക്ഷമത ഉറപ്പാക്കുക, പ്രാദേശിക വരുമാനം വർധിപ്പിക്കുക, പ്രാദേശിക ഘടകങ്ങളെ ഉൾപ്പെടുത്തുക, ഇതിലൂടെ  പ്രദേശത്തെ  ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് നാഷനൽ ഗ്രീൻ ടൂറിസം മിഷന്റെ ലക്ഷ്യം.

∙ വിനോദസഞ്ചാര മേഖലയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ സജീവമായി ഉപയോഗിക്കാൻ സാധിക്കാത്തവർക്കു കരുത്തേകേണ്ടതുണ്ടെന്നു നയം നിർദേശിക്കുന്നു. ഇതിന്റെ ഭാഗമായാണു ഡിജിറ്റൽ  മിഷൻ.

∙ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുകയും അതിനെ വികസിപ്പിക്കുകയും ചെയ്യണമെന്നും ഇതിനു സർക്കാർ ഏജൻസികളും  സ്വകാര്യ സംരംഭകരും തമ്മിലുള്ള സജീവ സഹകരണം ആവശ്യമാണെന്നും കേന്ദ്രം നിർദേശിക്കുന്നു. ഇതിനു വേണ്ടിയാണു ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഓർഗനൈസേഷൻ(ഡിഎംഒ) ദേശീയ മിഷൻ.

source : Livenewage