ന്യൂഡൽഹി: പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെ രാജ്യവ്യാപകമായി പാചകവാതക വില ഉയരുമെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ അണ്‍ബ്ലെന്‍ഡഡ് ട്രാന്‍സ്പോര്‍ട്ട് ഇന്ധനങ്ങള്‍ക്ക് അധിക ഇന്ധന നികുതി ചുമത്തുന്നതിനിടയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചിരുന്നു. നിലവില്‍ സിലിണ്ടര്‍ വിലയുടെ ഏകദേശം ചെറിയൊരു അംശം മാത്രം വരുന്ന ട്രാന്‍സ്‌പോര്‍ട്ട് അഡ്ജസ്റ്റ്‌മെന്റ് പേഔട്ട് അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് സബ്‌സിഡിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. മുന്‍കാലങ്ങളിലെ റീഫില്‍ ചെലവിന്റെ 25- 50 ശതമാനം വാഗ്ദാനം ചെയ്തിരുന്ന എല്‍പിജി സബ്സിഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു നാമമാത്രമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്, ഗതാഗത പേഔട്ടുകളും പിഎംയുവൈ ചെലവുകളും അടങ്ങുന്ന എല്‍പിജി സബ്‌സിഡി 11 ശതമാനമാണു കുറച്ചിരിക്കുന്നത്.

അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് തുടരുകയും വിലക്കയറ്റത്തിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതിരോധം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍സിറ്റീവ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കുന്നത് അപര്യാപ്തമായേക്കാമെന്ന് ഐസിആര്‍എ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും കോ- ഹെഡുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു. റഷ്യ- ഉക്രെയന്‍ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. നിലവില്‍ ബാരലിന് 97 ഡോളര്‍ പിന്നിട്ട എണ്ണവില ഉടനെ തന്നെ 100 ഡോളര്‍ പിന്നിട്ടേക്കുമെന്നു പ്രവചിക്കുന്നവര്‍ ഏറെയാണ്.

രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുന്നതു കൊണ്ടു മാത്രമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തെരഞ്ഞെടുപ്പു ചൂടു കഴിയുന്നതോടെ പെട്രോള്‍- ഡീസല്‍ എന്നിവയുടെ വില കുതിക്കുമെന്നാണു വിലയിരുത്തല്‍. രാജ്യാന്തര വിലയ്ക്ക് അനുസരിച്ച് പ്രതിദിനം വില മാറുന്ന സമ്പ്രദായമാണ് രാജ്യത്തുള്ളത്. അതേസമയം പാചകവാതകത്തിന്റെ വില 15 ദിവസം കൂടുമ്പോഴാണ് പുതുക്കുന്നത്.എല്‍പിജി ഉപയോഗം 2020-21ല്‍ ഏകദേശം അഞ്ചു ശതമാനം വര്‍ധിച്ച് 27.6 ദശലക്ഷം ടണ്ണായെന്നാണു റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ആവശ്യകത രണ്ടു ലക്ഷം ടണ്‍ കൂടി വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യ എല്‍പിജിയുടെ 60- 70 ശതമാനവും ക്രൂഡിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.