ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമായ വീണ്ടെടുക്കലാണ് സർക്കാരിന്റെ ലക്‌ഷ്യമെന്നും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനുള്ള ശ്രമമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്ന സമയത്ത് അതിന് കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. സുസ്ഥിരമായ വീണ്ടെടുക്കലാണ് ഗവണ്മെന്റ് ആഗ്രഹിക്കുന്നത്. ബജറ്റില്‍ വളര്‍ച്ച പുനഃസ്ഥാപിക്കാനും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കിയതായും ഗുണപ്രദമായ നികുതി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായും അവര്‍ പറഞ്ഞു. കോവിഡ് കാലത്ത് സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ തരണം ചെയ്യാൻ സാങ്കേതികവിദ്യ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലും എങ്ങനെ സാങ്കേതിക പിന്തുണയിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കാമെന്ന ശ്രമമാണ് ഇപ്പോഴുള്ളത്. നവീകരണം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനുള്ള പിന്തുണ തുടരുമെന്നും നിർമല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
Source : livenewage