മുംബൈ: ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 11ന് അവസാനിച്ച ആഴ്ചയിൽ 176.3 കോടി ഡോളർ ഇടിഞ്ഞ് 63,019 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 219.8 കോടി ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തിയിരുന്നു. വിദേശ കറൻസി ആസ്തിയിൽ (എഫ്സിഎ) ഉണ്ടായ ഇടിവാണ് കഴിഞ്ഞവാരം തിരിച്ചടിയായത്. ഡോളറിന് പുറമേ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ഉൾപ്പെടുന്ന എഫ്സിഎ 276.4 കോടി ഡോളർ കുറഞ്ഞ് 56556.5 കോടി ഡോളറായി. കറൻസികളുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിനുകാരണം.
അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐഎംഎഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആർ) 6.50 കോടി ഡോളർ ഉയർന്ന് 1917.3 കോടി ഡോളറിലെത്തി. ഐഎംഎഫിലെ ഇന്ത്യയുടെ കരുതൽ ധനം 521.7 കോടി ഡോളറാണ്; ഇടിവ് 1.6 കോടി ഡോളർ. കഴിഞ്ഞ സെപ്‌തംബറിൽ കുറിച്ച 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലെ എക്കാലത്തെയും ഉയർന്ന നില.
ഇന്ത്യയുടെ കരുതൽ സ്വർണശേഖരം ഫെബ്രുവരി 11ന് അവസാനിച്ചവാരത്തിൽ 95.2 കോടി ഡോളർ ഉയർന്ന് 4,023.5 കോടി ഡോളറിലെത്തി.
Source : Livenewage