മുംബൈ: ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(സിഇപിഎ) ഒപ്പുവച്ചതോടെ ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ, പ്രത്യേകിച്ച് ഇന്ത്യയുടെ കയറ്റുമതിയും തൊഴിലവസരങ്ങളും വർദ്ധിക്കും. 2014 ന് ശേഷം ഇന്ത്യ പങ്കാളിയാകുന്ന സുപ്രധാനവ്യാപാരക്കരാറാണിത്. 88 ദിവസത്തെ ചർച്ചകൾക്കു ശേഷമാണ് കരാറിന് അന്തിമരൂപമായത്. രാജ്യത്തുനിന്നുള്ള ഭക്ഷ്യ വസ്തുക്കൾ, തുണിത്തരങ്ങൾ, സ്വർണാഭരണങ്ങൾ, മരുന്ന്, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ഓട്ടോ മൊബൈൽ, ലെതർ, കാർഷിക ഉത്പന്നങ്ങൾ, തുടങ്ങിയവയുടെ നികുതി രഹിത (സീറോ ഡ്യൂട്ടി)കയറ്റുമതിക്ക് പുതിയ കരാർ വേദിയൊരുക്കും. ഇന്ത്യയിൽനിന്നുള്ള 90 ശതമാനം കയറ്റുമതി ഉത്പന്നങ്ങൾക്കും സീറോ ഡ്യൂട്ടി കൊണ്ടുവരുമെന്നാണ് കരാറിലെ വ്യവസ്ഥ. അഞ്ചു വർഷംകൊണ്ട് ഇത് 99 ശതമാനമായി ഉ‍യർത്തുകയും ചെയ്യും. ഇതിനു പകരമായി യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉത്പന്നങ്ങളിൽ 80 ശതമാനത്തിനും ഇന്ത്യ സീറോ ഡ്യൂട്ടി അനുവദിക്കും. 10 വർഷംകൊണ്ട് ഇതു 90 ശതമാനമാക്കാനും ധാരണയുണ്ട്.ഇന്ത്യയിൽനിന്നുള്ള പ്രഫഷണലുകൾക്ക് യുഎഇയിൽ വലിയ തൊഴിലവസരങ്ങൾക്കും കരാർ കാരണമാകും.

പുതിയ കരാറിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരമൂല്യം അഞ്ചുവർഷംകൊണ്ട് നിലവിലെ 6,000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളർ ആകുമെന്നാണ് വിലയിരുത്തൽ. 10 ലക്ഷം തൊഴിലസരങ്ങൾ രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടും. പുതിയ കരാറിലൂടെ ഇന്ത്യയിലെ വ്യവസായികൾക്ക് അബുദാബിയിലും മറ്റും നിക്ഷേപ സാധ്യതകൾ തുറക്കും. ‍യുഎഇയിൽനിന്നുള്ള വ്യവസായികൾക്ക് ഇന്ത്യയിലെ സംരംഭങ്ങളിലും നിക്ഷേപ അവസരങ്ങൾ ലഭിക്കും. യുഎഇയിൽനിന്നുള്ള പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കം ഇന്ത്യയും കുറയ്ക്കും. പ്ലാസ്റ്റിക് ഉപകരണങ്ങൾ, ജ്വല്ലറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനാവശ്യമായിട്ടുള്ള അസംസ്കൃത വസ്തുക്കൾ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു കൂടുതലായി ഇറക്കുമതി ചെയ്യപ്പെടും.

കരാറിന്‍റെ ഭാഗമായി യുഎഇയിൽനിന്നുള്ള സ്വർണത്തിന് ഇന്ത്യ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോൾ യുഎഇ ഇന്ത്യയിൽനിന്നുള്ള ജ്വല്ലറി ഉത്പന്നങ്ങൾക്ക് നികുതി ഇല്ലാതെയാക്കിയെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഏറെ ഗുണകരമാണ് കരാർ എന്നും അനിയന്ത്രിത ഇറക്കുമതി നിയന്ത്രിക്കാൻ കരാറിൽ വ്യവസ്ഥകളുണ്ടെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. മേയ് ഒന്നു മുതൽ കാരാർ പ്രാബല്യത്തിൽവരും.

Source : 

Livenewage