ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അയഞ്ഞതിനെ തുടർന്ന് ഇന്ത്യയുടെ വാണിജ്യ, സേവന കയറ്റുമതി ജനുവരിയിൽ 36.76 ശതമാനം മുന്നേറി 6,141 കോടി ഡോളറിലെത്തി. 2021 ജനുവരിയിൽ കയറ്റുമതി വരുമാനം 4,490 കോടി ഡോളറായിരുന്നു. വാണിജ്യാധിഷ്‌ഠിത കയറ്റുമതി ജനുവരിയിൽ 2,754 കോടി ഡോളറിൽ നിന്ന് 25.28 ശതമാനം ഉയർന്ന് 3,540 കോടി ഡോളറായി. കഴിഞ്ഞമാസത്തെ മൊത്തം ഇറക്കുമതി 6,776 കോടി ഡോളറിന്റേതാണ്; വർദ്ധന 30.54 ശതമാനം. 5,191 കോടി ഡോളറായിരുന്നു 2021 ജനുവരിയിലെ നില. വാണിജ്യാധിഷ്‌ഠിത ഇറക്കുമതിച്ചെലവ് 4,203 കോടി ഡോളറിൽ നിന്ന് 23.54 ശതമാനം വർദ്ധിച്ച് 5,193 കോടി ഡോളറാണ്.
കയറ്റുമതിക്കൊപ്പം ഇറക്കുമതിയും വർദ്ധിക്കുന്നതിനാൽ വ്യാപാരക്കമ്മിയും കൂടുകയാണ്. കഴിഞ്ഞമാസം ഇത് 1,449 കോടി ഡോളറിൽ നിന്ന് 1,742 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജനുവരി കാലാവധിയിൽ വാണിജ്യവും സേവനവും ചേർത്തുള്ള മൊത്തം കയറ്റുമതി 37.68 ശതമാനം ഉയർന്ന് 54,571 കോടി ഡോളറാണ്. ഇറക്കുമതി 61,691 കോടി ഡോളർ; വർദ്ധന 54.35 ശതമാനം. വാണിജ്യാധിഷ്‌ഠിത കയറ്റുമതി മാത്രം 46.73 ശതമാനം വർദ്ധിച്ച് 33,588 കോടി ഡോളറാണ്. ഈയിനത്തിൽ നടപ്പുവർഷം 40,000 കോടി ഡോളറിന്റെ വരുമാനമാണ് കേന്ദ്രലക്ഷ്യം. 2021-22 ഏപ്രിൽ-ജനുവരി കാലത്തെ ഇറക്കുമതി 62.65 ശതമാനം ഉയർന്ന് 49,575 കോടി ഡോളറാണ്; വ്യാപാരക്കമ്മി 15,987 കോടി ഡോളർ; 2020-21ലെ സമാനകാലത്ത് 7,587 കോടി ഡോളറായിരുന്നു വ്യാപാര കമ്മി. 2019-20ലെ ഇതേകാലത്ത് 14,121 കോടി ഡോളറും.
Source : Livenewage