ന്യൂഡൽഹി: ചൈനീസ് കമ്പനികള്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. അതേസമയം, 2020ല്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് ഇത് ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎല്‍ഐ പദ്ധതികളുടെ വിജയം ചൈനീസ് വ്യവസായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഇളവ് അനുവദിക്കാതെ മുന്നോട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് പുതിയ നീക്കം.

പിഎല്‍ഐ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് അവരുടെ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് അനുബന്ധ സ്ഥാപനങ്ങളുടെ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇളവ് അനുവദിക്കുന്നകാര്യം പരിഗണിക്കുന്നത്. ഐടി-ഹാർഡ്‌വെയർ വ്യവസായികള്‍ ഇക്കാര്യം സര്‍ക്കാരിനെ നേരത്തെ ബോധിപ്പിച്ചിരുന്നു. ചൈനയില്‍നിന്നുള്ള നിക്ഷേപം സാങ്കേതികമായി അനുവദനീയമല്ലാത്തതിനാല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ബാറ്ററി പാക്കുകള്‍, പവര്‍ അഡാപ്റ്ററുകള്‍ തുടങ്ങിയവയ്ക്കായി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇവര്‍ അറിയിച്ചത്.

കയറ്റുമതിക്കു കൂടി പ്രാധാന്യം നല്‍കിയാണ് പിഎല്‍ഐ സ്‌കീം രാജ്യത്ത് നടപ്പാക്കുന്നത്. ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്, അവര്‍ക്ക് ഘടകഭാഗങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ക്കുള്ള നിയന്ത്രണവും മാറ്റേണ്ടതുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് വിതരണക്കാര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്താന്‍ അനുമതി നിഷേധിച്ചതും പ്രശ്‌നങ്ങളുണ്ടാക്കി. ഈ സാഹചര്യത്തില്‍ അതാത് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Source Livenewage