ന്യൂഡൽഹി: ഇന്ത്യയുടേയും യുഎഇയുടെയും വാണിജ്യമന്ത്രിമാർ കഴിഞ്ഞ ദിവസം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (സിഇപിഎ) യുഎഇയിൽ നിന്ന് കുറഞ്ഞ തീരുവയിൽ ഇന്ത്യയിലേക്ക് 200 ടൺ സ്വർണം ഇറക്കുമതി െചയ്യാൻ അനുമതിയായി. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് യുഎഇ തീരുവ ചുമത്തില്ല. ഇന്ത്യ പ്രതിവർഷം 800 ടൺ സ്വർണമാണു വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. യുഎഇയിൽ നിന്ന് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് 70 ടൺ. അനുവദനീയ തോതിൽ കൂടുതലായുള്ള ഇറക്കുമതിക്ക് അധിക തീരുവ നൽകണം. ഇപ്പോൾ, രണ്ട് ആനുകൂല്യങ്ങളാണ് ഇന്ത്യ നൽകുന്നത്: കുറഞ്ഞ തീരുവയിൽ 200 ടൺ ഇറക്കുമതി ചെയ്യാം, ഈ ഇറക്കുമതിക്കു തന്നെ നിലവിലുള്ള നിരക്കിനെക്കാൾ ഒരു ശതമാനം കുറച്ച് തീരുവ നൽകിയാൽ മതി. ഇന്ത്യയിൽനിന്നുള്ള ആഭരണങ്ങൾക്ക് നിലവിൽ 5% തീരുവയാണ് യുഎഇ ചുമത്തുന്നത്. തീരുവയില്ലാതെയുള്ള ഇറക്കുമതി ഇന്ത്യയിലെ ആഭരണ നിർമാണ മേഖലയ്ക്ക് വലിയ ഉത്തേജനമാകും.
ഇന്ത്യയിലെ ആഭ്യന്തര വിപണിയുടെ സംരക്ഷണം ഉറപ്പാക്കാനെന്നോണം ചില ഉൽപന്നങ്ങളെ കരാറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. പാൽ, പഴങ്ങൾ, പച്ചക്കറി, തേയില, കോഫി, പഞ്ചസാര, സോപ്പ്, സ്വാഭാവിക റബർ, ടയർ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, യുഎഇയിൽ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാൻ ഇന്ത്യ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ശേഖരിച്ച് യുഎഇയിൽ എത്തിക്കുന്നതിനുള്ള ഭക്ഷ്യ ഇടനാഴിയും ഉദ്ദേശിക്കുന്നുണ്ട്. ഇതിന് ഇന്ത്യയിലെ അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയും (എപിഇഡിഎ) ഡിപി വേൾഡും കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു.
സിഇപിഎ പ്രാബല്യത്തിലാകുമ്പോൾ മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ 90% ഉൽപന്നങ്ങൾക്കും യുഎഇ തീരുവ ചുമത്തില്ല. 5 വർഷത്തിനകം ഈ ആനുകൂല്യം 99% ഉൽപന്നങ്ങൾക്കും ലഭിക്കും. യുഎഇയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ 80% ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ചുമത്തില്ല. 10 വർഷത്തിനകം 90% ഉൽപന്നങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളുടെ രാജ്യമായതിനാൽ, യുഎഇക്കു നൽകുന്ന തീരുവ ഇളവുകൾ ചൈനയുൾപ്പെടെ പല രാജ്യങ്ങളും മുതലാക്കുമെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ 40 ശതമാനമെങ്കിലും മൂല്യവർധന യുഎഇയിൽ നടന്നിട്ടുള്ള ഉൽപന്നങ്ങൾക്കായി തീരുവ ഇളവ് പരിമിതപ്പെടുത്തി.
സ്വർണം ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള ചില ഉൽപന്നങ്ങൾക്ക് ഈ നിയന്ത്രണമില്ല. ഇരുരാജ്യത്തേക്കും അമിത തോതിലുള്ള ഇറക്കുമതി തടയാൻ കർശന വ്യവസ്ഥകൾ കരാറിലുണ്ട്. പുതിയ കരാർ ഗൾഫ് സഹകരണ കൗൺസിലുമായി (ജിസിസി) ഇന്ത്യ ഒപ്പിടാനുദ്ദേശിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് അടിത്തറയാകുമെന്നാണ് പ്രതീക്ഷ. കരാർ മൂലമുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയിൽ പുതുതായി 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Source : Livenewage