കൊൽക്കത്ത: കൽക്കരി വില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, രാജ്യത്ത് ഇന്ധനോത്പാദനം കുറയുമെന്നും ഇത്  ഊര്‍ജ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പൊതുമേഖലാ ഖനന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദകരായ കോൾ ഇന്ത്യ ശമ്പളത്തിലുണ്ടായ വര്‍ധനവിനാലും ഖനി ഉപകരണങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ഡീസലിന്റെ ഉയര്‍ന്ന വില മൂലവും സമ്മര്‍ദ്ദം നേരിടുകയാണ്. കമ്പനിയുടെ ചില യൂണിറ്റുകള്‍ക്ക് വില വര്‍ധനയില്ലാതെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു. 

ദീര്‍ഘകാല വിതരണ കരാറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കല്‍ക്കരി വില വര്‍ദ്ധിപ്പിക്കുന്നതിന് ഗവണ്‍മെന്റിന്റെ പിന്തുണ ആവശ്യമാണ്. ഇത് പണപ്പെരുപ്പത്തിന് വഴിതെളിക്കുമെന്നും രാജ്യത്തിന്റെ വിശാലമായ സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നും സൂചനകൾ ശക്തമാണ്. 70 ശതമാനം വൈദ്യുതി ഉല്‍പാദനത്തിനും രാജ്യം ആശ്രയിക്കുന്ന ഫോസില്‍ ഇന്ധനത്തിന്റെ വിതരണം നിലനിര്‍ത്താന്‍ കോള്‍ ഇന്ത്യയെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് അഗര്‍വാളിന്റെ മുന്നറിയിപ്പ്.

ഖനി ഉല്‍പ്പാദനം ഇടിഞ്ഞതിനാല്‍ വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ശേഖരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇടിഞ്ഞത് വൈദ്യുതി തടസ്സത്തിനും വിതരണ നിയന്ത്രണത്തിനും കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.  പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം സെപ്റ്റംബറില്‍ താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നെങ്കിലും, ഇപ്പോഴും 2020 ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ്. വേനല്‍ക്കാലത്തോട് അടുക്കുമ്പോള്‍ രാജ്യത്ത് വൈദ്യുതി ആവശ്യകത വര്‍ദ്ധിക്കും. വില വര്‍ദ്ധനവ് ഉടനടി നടക്കണമെന്നും ഇത് കോള്‍ ഇന്ത്യയ്ക്ക് വളരെ അടിയന്തിരമാണെന്നും അഗര്‍വാള്‍ പറഞ്ഞു. അല്ലാത്തപക്ഷം രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനത്തെ ബാധിക്കും.

മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 670 ദശലക്ഷം ടണ്‍ വിതരണം ചെയ്യാമെന്നാണ് കോള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണിത്. തുടർന്ന് വരുന്ന വർഷത്തിൽ കമ്പനി ഏകദേശം 700 ദശലക്ഷം ടണ്‍ കയറ്റുമതിയും ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു. വൈദ്യുത ജനറേറ്ററുകള്‍ക്കുള്ള സംഭരണം നികത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, മറ്റ് വ്യവസായങ്ങള്‍ വിതരണ കുറവിനെക്കുറിച്ച് പരാതിപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ട്. അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, അലുമിനിയം ഉല്‍പ്പാദകര്‍ ഉപയോഗിക്കുന്ന പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം ശരാശരി 15 ദിവസങ്ങളില്‍ നിന്ന് ശരാശരി മൂന്ന് മുതല്‍ നാല് ദിവസം വരെയായി കുറഞ്ഞിട്ടുണ്ട്