മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് 'സ്ഥിരത'യില്‍ നിന്ന് 'മെച്ചപ്പെടുന്ന' നിലയിലേക്ക് പരിഷ്‌കരിച്ച് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റാ). മികച്ച ക്രെഡിറ്റ് ഡിമാൻഡും രാജ്യത്തെ ബാങ്കുകളുടെ ശക്തമായ ബാലൻസ് ഷീറ്റുമാണ് ഇതിന് സഹായിച്ചതെന്ന് റേറ്റിങ് ഏജൻസി വ്യക്തമാക്കി. 

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍, ക്രെഡിറ്റ് വളര്‍ച്ച 10 ശതമാനം വരെ ഉയരുമെന്നും മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 6.1 ശതമാനമായി മാറുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിന്റെ നില കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് മികച്ച നിലയിലാണെന്നും ഇൻഡ്-റാ വിലയിരുത്തുന്നു. 

2020 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച മെച്ചപ്പെട്ട നിലയിലുള്ള പ്രവണത 2023 സാമ്പത്തിക വര്‍ഷത്തിലും തുടരാനാണ് സാധ്യത. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ലാഭക്ഷമത കണക്കിലെടുത്ത്, പൊതുമേഖല ബാങ്കുകള്‍ മേഖലകളിലുടനീളം വളര്‍ച്ചയുണ്ടാക്കുകയും ലോണ്‍ റിക്കവറികളില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

2022-23 സാമ്പത്തിക വർഷത്തിൽ വന്‍കിട സ്വകാര്യ ബാങ്കുകളുടെ സുസ്ഥിരമായ കാഴ്ചപ്പാട് ആസ്തികളിലും ബാധ്യതകളിലും ആരോഗ്യകരമായ അനുപാതം നിലനിറുത്തുന്നതിനും തുടര്‍ച്ചയായി വിപണി വിഹിതം മെച്ചപ്പെടുത്താനും സഹായകമായി. മിക്കവരും തങ്ങളുടെ മൂലധന ബഫറുകള്‍ ശക്തിപ്പെടുത്തുകയും പോര്‍ട്ട്ഫോളിയോ സജീവമായി കൈകാര്യം ചെയ്യുകയും ചെയ്തു.

വളര്‍ച്ച പുനരുജ്ജീവിപ്പിക്കുമ്പോള്‍, വന്‍കിട സ്വകാര്യ വായ്പക്കാര്‍ അവരുടെ മികച്ച ഉല്‍പ്പന്ന സേവന പോർട്ട്ഫോളിയോ കാരണം വിപണി വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്നും ഏജൻസി വിലയിരുത്തുന്നു. 2021-22ല്‍ 8.4 ശതമാനമായും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 10 ശതമാനമായും ക്രെഡിറ്റ് വളര്‍ച്ചാ എസ്റ്റിമേറ്റുകള്‍ ഏജന്‍സി പരിഷ്‌കരിച്ചിട്ടുണ്ട്.

Source : Livenewage