വാഷിംഗ്‌ടൺ ഡിസി: ലോകത്തെ വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പണപ്പെരുപ്പമാണെന്ന് ഐഎംഎഫ്. ഇന്ത്യയില്‍ ഉള്‍പ്പടെ കേന്ദ്രബാങ്കിന്റെ പ്രവചനങ്ങളേയും മറികടന്ന് പണപ്പെരുപ്പം കുതിക്കുന്നതിനിടെയാണ് ഐഎംഎഫിന്റെ പ്രസ്താവന. ഉല്‍പന്നങ്ങളുടെ വിതരണവും ആവശ്യകതയും തമ്മിലുള്ള പ്രശ്‌നങ്ങളും ചില ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് വന്നതും പണപ്പെരുപ്പത്തിന് കാരണമാവുന്നുണ്ടെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ പണപ്പെരുപ്പം വലിയ വെല്ലുവിളിയാവില്ലെന്നും ഐഎംഎഫ് പ്രവചിക്കുന്നു. കൃത്യമായ നയങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്ന രാജ്യങ്ങള്‍ക്കാവും പണപ്പെരുപ്പത്തെ നേരിടാനാവുക.
ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാരുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് ഐഎംഎഫിന്റെ പ്രസ്താവന. നേരത്തെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ഐഎംഎഫ് കുറച്ചിരുന്നു. 4.4 ശതമാനമായാണ് വളര്‍ച്ചാ നിരക്ക് കുറച്ചത്. ഒമിക്രോണ്‍ പോലുള്ള പുതിയ കോവിഡ് വകഭേദങ്ങള്‍ എത്തുകയാണെങ്കില്‍ അത് വളര്‍ച്ചാനിരക്കിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.
Source : Livenewage